കൊച്ചിയില്‍ മെട്രോ നിര്‍മാണത്തിനെത്തിച്ച നിര്‍മാണ സാമഗ്രികള്‍ നഗരത്തിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെടുത്തു. കൊച്ചി എസ്ആര്‍എം റോഡിലെ ആക്രിക്കടയില്‍ നിന്നാണ് ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്. മോഷ്ടാവിനു വേണ്ടിയുളള അന്വേഷണം തുടരുകയാണ്.
പുതുപുത്തന്‍ കമ്പികള്‍, പൈപ്പുകള്‍, ഇരുമ്പു തട്ടുകള്‍, അലൂമിനിയം പാനലുകള്‍. മെട്രോ നിര്‍മാണ കരാറുളള തൃശൂരിലെ ഏജന്‍സി നിര്‍മാണ സ്ഥലത്തെത്തിച്ചതാണ് എല്ലാം. പക്ഷേ ഇന്നു രാവിലെ ഈ സാധനങ്ങള്‍ കണ്ടെടുത്തത് എസ്ആര്‍എം റോഡിലെ ആക്രിക്കടയില്‍ നിന്ന്. നഗരത്തിലെ വിരുതരായ മോഷ്ടാക്കളാരോ മെട്രോ നിര്‍മാണ സ്ഥലത്തു നിന്ന് ആക്രിക്കടയില്‍ കൊണ്ടുവന്ന് വിറ്റിട്ടു പോയതാണ് എല്ലാം. എല്ലാത്തിനും ചേര്‍ത്ത് ഒരു ലക്ഷം രൂപയിലേറെ വിലവരുമെങ്കിലും അമ്പതിനായിരം രൂപ കൊടുത്ത് ആക്രക്കടക്കാരന് സാധനമത്രയും സ്വന്തമാക്കി. പിന്നാലെയാണ് മെട്രോ നിര്‍മാണക്കരാറുകാരും പൊലീസുകാരുമെത്തി തൊണ്ടിമുതല്‍ കണ്ടെടുത്തത്.
ആക്രിക്കടക്കാരനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. ഇതിനു മുമ്പും മെട്രോ നിര്‍മാണത്തിനെത്തിച്ച സാമഗ്രികള്‍ ഇതേ ആക്രിക്കടയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് നിര്‍മാണ കരാറുകാര്‍ പറയുന്നു. ആക്രിക്കച്ചവടക്കാരനും മോഷ്ടാവും തമ്മില്‍ ഒത്തുകളിയുണ്ടോ എന്ന കാര്യവും എറണാകുളം നോര്‍ത്ത് െപാലീസിന്റെ അന്വേഷണ പരിധിയിലാണ്.