തൃശൂര്‍ മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് അഞ്ചു പെണ്‍കുട്ടികളെ കാണാതായി. ഇന്നു വെളുപ്പിന് ആറരയോടെയാണ് കുട്ടികള്‍ അപ്രത്യക്ഷരായത്. ഇവരെ കണ്ടെത്താന്‍ പ്രത്യേക സംഘം പൊലീസ് രൂപികരിച്ചു. പ്രഭാതകൃത്യങ്ങള്‍ക്കായി കുട്ടികളുടെ എണ്ണമെടുത്തപ്പോഴാണ് അഞ്ചു പേരെ കാണാനില്ലെന്ന് ബാലാശ്രമം അധികൃതര്‍ അറിയുന്നത്.
മൂന്നു കുട്ടികള്‍ മുകളിലത്തെ നിലയിലാണ് താമസം. രണ്ടു പേര് താഴെയും. ഇവര്‍ ഒന്നിച്ച് സ്ഥലംവിട്ടത് ബാലാശ്രമം അധികൃതരെ ഞെട്ടിച്ചു. കുട്ടികളെ നിരീക്ഷിക്കാന്‍ നിരവധി ജീവനക്കാരുണ്ട്. മതില് ചാടി കുട്ടികള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് സംശയം. കൊച്ചി, പാലക്കാട്, എറണാകുളം ജില്ലകളിലെ കുട്ടികളാണ് കാണാതായത്. ഇവരില്‍ രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
രണ്ടു പേര് ബിരുദ വിദ്യാര്‍ഥികളും. ഒരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയും. അറുപതോളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. ശിശുക്ഷേമ സമിതി പരിപാലിക്കാന്‍ ഏല്പിച്ച കുട്ടികളും ഇവിടെയുണ്ട്. നിളാ സേവാ സമിതിയാണ് ബാലാശ്രമത്തിന്റെ ഉടമസ്ഥര്‍. കുട്ടികളെ കണ്ടെത്താന്‍ ചേലക്കര സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. എല്ലാ റയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിവരം കൈമാറി തിരച്ചില്‍ നടത്തുന്നുണ്ട്.