റേപ് ഡ്രഗ് എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്ന് തൃശൂരില്‍ പിടികൂടിയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കേരളത്തിലേക്ക് ഇത്തരം ലഹരിമരുന്ന് കടത്തുന്നയാള്‍ ബെംഗളൂരുവില്‍ താമസമാക്കിയ മലയാളിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചു. ലഹരി മാഫിയയിലെ ഇടനിലക്കാര്‍ ഉടന്‍ കുടുങ്ങുമെന്നാണ് സൂചന.
രാജ്യാന്തര ലഹരിമരുന്ന് കടത്തു സംഘത്തിന്റെ കണ്ണികള്‍ ബാംഗ്ലൂരില്‍ തമ്പടിച്ചാണ് രാജ്യത്തെ ലഹരിവില്പന നിയന്ത്രിക്കുന്നത്. കേരളത്തിലെ വില്പന ചുമതല മലയാളിക്കുതന്നെയാണ്. ഈ യുവാവിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എക്സൈസ് സ്വരൂപിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തി വരികയാണ്.
ഇവരെ, ലഹരിവിമുക്ത ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം. മൂന്നു ഗ്രാം എം.ഡി.എം.എ ലഹരി സ്റ്റാംപുകളാണ് പിടികൂടിയ ഒരിനം. രണ്ടു ഗ്രാം എല്‍ .എസ്.ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്ത മറ്റൊരിനം. രാജ്യാന്തര വിപണയില്‍ ഇതിനു വില അഞ്ചു ലക്ഷം രൂപയാണ്. ഇത്തരം ലഹരി മരുന്നുകള്‍ ഒരു തുണ്ടുപോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. പിടിയിലായ തൃശൂര്‍ അയ്യന്തോള്‍ സ്വേദശി നിഷാസും പൂത്തോള്‍ സ്വദേശി ഷാരൂഖും റിമാന്‍ഡിലാണ്. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ വിളികളുടെ പട്ടിക എക്സൈസ് സ്വരൂപിച്ചു. ഇടനിലക്കാര്‍ ഉടനെ കുടുങ്ങുമെന്നാണ് സൂചന.