ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യചെയ്ത കേസില്‍ പ്രതികളെ പിടികൂടാതെ പൊലീസ്. രാധാമണി ആത്മഹത്യചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ഒളിവില്‍പോയ മൂന്ന് പ്രതികളെയും കണ്ടെത്താനായിട്ടില്ല. പൊലീസ് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം
വട്ടിപ്പലിശയ്ക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മൂന്നാംതീയതിയാണ് കാട്ടില്‍ തെക്കതില്‍ ഭുവദാസന്റെ ഭാര്യ രാധാമണി ആത്മഹത്യചെയ്തത്. വനിതകളടങ്ങിയ ബ്ലേഡ്മാഫിയ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്താണ് രാധാമണി ആത്മഹത്യചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേതുടര്‍ന്നാണ് കനകക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പലിശശയ്ക്ക് പണം നല്കുന്ന സംഘത്തെ നിയന്ത്രിക്കുന്ന ജയശ്രീക്കും രണ്ട് സഹോദരിമാര്‍ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവരുടെ വീട് കോടതിയുടെ അനുമതിയോടെ കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. മുദ്രപത്രങ്ങളും ആധാരങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍പോവുകയായിരുന്നു. നാളിതുവരെയായി ഇവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. ബ്ലേഡ് മാഫിയയ്ക്ക് ഒത്താശചെയ്യുന്ന നിലപാടാണ് പൊലീസിന്റേതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഓപ്പറേഷന് കുബേര നിലച്ചതോടെയാണ് പ്രദേശത്ത് ബ്ലേഡ് മാഫിയ സംഘം പിടിമുറുക്കിയത്. സ്ത്രീകള്‍ നേതൃത്വം നല്കുന്ന സംഘങ്ങളാണ് പണം പലിശയ്ക്ക് നല്കുന്നതില് പ്രധാനികള്‍. ചെറുകിട കച്ചവടക്കാരും വീട്ടമ്മമാരുമാണ് ഏറെയും അകപ്പെട്ടിരിക്കുന്നത്. പണം തിരികെ വാങ്ങാനെത്തുന്ന ഗുണ്ടാസംഘങ്ങളെ ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘവും കായംകുളം മേഖലയില്‍ ബ്ലേഡ് ഇടപാട് രംഗത്ത് സജീവമായിട്ടുണ്ട്.