തിരുവനന്തപുരത്ത് പതിനാറ് കിലോ കഞ്ചാവുമായി മധുര സ്വദേശി അറസ്റ്റിൽ. കഞ്ചാവ് മൊത്തവിൽപ്പനക്കാരനായ മധുര സ്വദേശി ആണ്ടിസ്വാമിയെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മധുരയിൽ നിന്ന് കഞ്ചാവ് എത്തിച്ച് നഗരത്തിലെ ഇടനിലകാർക്ക് കൈമാറുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായത്. പേരൂർക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ശക്തമായെന്ന വിവരത്തെ തുടർന്ന് ഷാഡോ പൊലീസ് പരിശോധന ഉൗർജിതമാക്കിയിരുന്നു.അതിനിടെ കുടപ്പനക്കുന്നിൽ നിന്നാണ് പതിനാറ് കിലോ കഞ്ചാവുമായി മധുര സ്വദേശിയുടെ അറസ്റ്റ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇടനിലക്കാരെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്. തമിഴ്നാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചെക് പോസ്റ്റുകളിൽ ഉൾപ്പടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.