തിരുവനന്തപുരം ചാക്കയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒാട്ടോ ഡ്രൈവർ അറസ്റ്റിൽ. നരുവാമൂട് സ്വദേശി കുമാരനെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഒാട്ടോയിൽ നിന്ന് ചാടി രക്ഷപെടുന്നതിനിടെ പരിക്കേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നൃത്ത പഠനത്തിന് ശേഷം കണ്ണംമൂലയിൽ നിന്ന് ഒാട്ടോയിൽ ചാക്കയിലെ വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കുമാരൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഇയാൾ ഒാട്ടോ നിർത്താൻ തയ്യാറാകാഞ്ഞതോടെ പെൺകുട്ടി ബഹളംവെച്ചു. ഇത് വകവയ്ക്കാതെ വീണ്ടും യാത്ര തുടരുന്നതിനിടെ ഇൗഞ്ചയ്ക്കലിന് സമീപത്ത് വെച്ച് പെൺകുട്ടി ഒാട്ടോയിൽ നിന്ന് ചാടി രക്ഷപെട്ടു.
മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് അമിതവേഗത്തിൽ കടന്ന കുമാരനെ ബൈക്ക് യാത്രികർ പിന്തുടർന്നു. കരിക്കകത്തിന് സമീപത്ത് കുമാരന്റെ ഒാട്ടോ തടഞ്ഞ യാത്രക്കാർ ഇയാളെ പേട്ട പൊലീസിന് കൈമാറി. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ കുമാരനെ റിമാൻഡ് ചെയ്തു.