സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് തൊടുപുഴ സിഐ എന്‍.ജി. ശ്രീമോനെതിരെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടെ പരാതി. ഡിജിപി, മുഖ്യമന്ത്രി, പൊലീസ് കംപ്ലെയിന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കിയത്. ഹര്‍ത്താല്‍ ദിനത്തില്‍ സിഐ തോക്ക് പുറത്തെടുത്ത സംഭവത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്വാശ്രയ ഫീസ് വര്‍ദ്ധനക്കെതിരെ കെ എസ് യു നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു നേതാക്കളെ സിഐ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു. തൊടുപുഴ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ജിയോ മാത്യു, കെഎസ് യു നേതാക്കളായ മാത്യു.കെ.ജോണ്‍, ടോണി തോമ്സ് ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നേതാക്കള്‍ക്കെതിരെയാണ് സിഐ എന്‍.ജി.ശ്രീമോന് വാട്സപ്പില്‍ പോസറ്റിട്ടത്. ഹര്‍ത്താല്‍ വിരുദ്ധ സമിതിക്ക് കടപ്പാടെന്ന പേരില്‍ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്. ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് നേതാക്കള്‍ പരാതി നല്‍കിയത്.
കെഎസ്് യു പ്രകടനത്തിനിടെ നടന്ന അതിക്രമത്തെക്കുറിച്ചും ഹര്‍ത്താല്‍ ദിവസം പ്രകടനം നടത്തുന്നതിനിടെ സിഐ തോക്കു ലോഡ് ചെയ്തതിനെതിരെയും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. നേതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറി. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൊടുപുഴ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ്, ഡിസിസി സെക്രട്ടറി ജിയോ മാത്യ, കെഎസ് യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണ്‍ എന്നിവരാണ് പരാതിക്കാര്‍. ഇതില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.