കാസര്‍കോട് ഷിറിയ ശങ്കരനാരായണ ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. സ്വര്‍ണവും, വെള്ളിയുമുള്‍പ്പെടെ ഏഴു ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി. പുലര്‍ച്ചെ നടതുറക്കാന്‍ പൂജാരിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വടക്കേനടയിലുടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ ഇരുമ്പ് വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി. ഏഴുകിലോ വെള്ളിയില്‍ തീര്‍ത്ത പ്രഭാവലയം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണത്തില്‍ തീര്‍ത്ത ചന്ദ്രക്കല, മൂന്ന് ഭണ്ഡാരങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു.
സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. മൂന്നാഴ്ച മുമ്പ് സമീപത്തെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു. കാസര്‍കോട്.മംഗലാപുരം ദേശീയപാതയില്‍ തമ്പടിക്കുന്ന കവര്ച്ചസംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.