യോഗ പഠിക്കാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ യോഗ ഗുരു അറസ്റ്റിൽ. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട് (57) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇയാൾ യോഗ ക്ലാസ് നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ചകളിലാണ് ശിവറാമിന്റെ യോഗ ക്ലാസ്. കഴിഞ്ഞയാഴ്ചയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശിവറാമിനെതിരെ ഐപിസി 354, 509 തുടങ്ങിയ വകുപ്പുകൾ ചുമത്തിയെന്നും പുതിയ പരാതികളും അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മോക്ഷം ലഭിക്കണമെങ്കിൽ യോഗ ഗുരുവെന്ന നിലയിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞാണ് ഇയാൾ അതിക്രമത്തിനു മുതിർന്നത്. ആറു വർഷമായി ശിവറാം യോഗ ക്ലാസുകൾ നടത്തുന്നുണ്ട്. പരാതിക്കാരിയുടെ ഭർത്താവും ഇവിടെ യോഗയ്ക്ക് പോയിരുന്നു. യോഗ പഠിക്കാനെത്തിയിരുന്ന സ്ത്രീകളെ ഇയാൾ മുൻപും ചൂഷണം ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. യുവതിയും ഭർത്താവും പരാതി നൽകിയതിനു പിന്നാലെ മൂന്നു–നാലു സ്ത്രീകൾകൂടി ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.