യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻരാജ് ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ പുലർച്ചെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സജിന്‍ മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. സംഭവം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രാവിലെ ആറുമണിയോടെ നാട്ടുകാരാണ് മാമം പാലത്തിന് സമീപം കടത്തിണ്ണയിൽ ഗുരുതരമായി പൊള്ളലേറ്റ് കിടന്ന യുവാവിനെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നി ശമനസേനയും സ്ഥലത്തെത്തി യുവാവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തലയൊഴികെ ശരീരം പൂർണമായി പൊള്ളിയനിലയിലായിരുന്നു. ബേൺഡ് ഐ.സി.യുവിൽ വച്ച് വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സജിൻ രാജിനെ തിരിച്ചറിഞ്ഞത്.
പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ടാക്സി കാർ പാർക്ക് ചെയ്തിരുന്നു. വാഹനം പൊലീസ് വിശദമായി പരിശോധിച്ചു. കാറിനുള്ളിൽ നിന്ന് കിട്ടിയ കുപ്പിയിൽ പകുതിയോളം പെട്രോൾ ഉണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.