മൂവാറ്റുപുഴയില്‍ 64 കിലോ ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി. ഇതര സംസ്ഥാന തൊഴിലാളിയായ ജയശങ്കര്‍ ആണ് എക്സൈസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നെഹ്റു പാര്‍ക്ക് ജങ്ഷനു സമീപത്തുനിന്ന് ജയശങ്കറിനെ പിടികൂടിയത്. നിരോധിത ഉല്പന്നങ്ങള് വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു വിവരം. കേരളത്തിനു പുറത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ഹാന്‍സ്, ലഹരി വര്‍ധിപ്പിക്കുന്നതിനുള്ള പുകയില പേസ്റ്റ് എന്നിവയടക്കം 64 കിലോ ഗ്രാം നിരോധിത ഉല്പന്നങ്ങള് ജയശങ്കറിന്റെ പക്കല്‍ നിന്ന് പിടികൂടി. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും പുകയില ഉല്പന്നങ്ങള് ചില്ലറവില്പനക്കാര്ക്ക് വിതരണം ചെയ്യുന്നതായി എക്സൈസിനു ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
സ്കൂളുകളും കോളജുകളും തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വിതരണം ചെയ്യുന്നത് തടയാനും നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന തടയാനും പരിശോധനകള്‍ കര്‍ശനമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.