തൃശൂര്‍ കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് പ്രതിയായ കള്ളനോട്ടുക്കേസില് ഒരാള്‍ കൂടി പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി നവീനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇതോടെ , ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കള്ളനോട്ട് കേസില്‍ യുവമോര്‍ച്ച നേതാവിനേയും സഹോദരനേയും സഹായിച്ചെന്നാണ് നവീനെതിരായ കുറ്റം. കൊടുങ്ങല്ലൂരിലെ വീട്ടില്‍നിന്ന് യുവമോര്‍ച്ച നേതാവ് രാഗേഷ് പിടിയിലായ ശേഷം സഹോദരന് രാജീവ് മുങ്ങിയിരുന്നു. നാട്ടില്‍നിന്ന് മുങ്ങാനായി ഒത്താശ ചെയ്തത് നവീനായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
അങ്ങനെയാണ് അറസ്റ്റ്. ഇതരജില്ലകളിലേക്കു കാറോടിച്ച് പോയ നവീന്‍ , കള്ളനോട്ടുകള്‍ പെട്രോള്‍ പമ്പില്‍ മാറ്റിയെടുക്കാന്‍ സഹായിച്ചുവെന്നും വിവരമുണ്ട്. ഇക്കാര്യം, ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. നവീന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. കള്ളനോട്ടു ശൃംഖലയില്‍ ഉള്‍പ്പെട്ട മറ്റു കണ്ണികളെ കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശ്യം. മുഖ്യപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന്റെ പേരില്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി അലക്സാണ് നേരത്തെ അറസ്റ്റിലായ മറ്റൊരാള്‍. നാലു ദിവസത്തേയ്ക്കു ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ തൃശൂരിലെ ഓഫിസില്‍ ചോദ്യംചെയ്തു വരികയാണ്.