തൃശൂര്‍ ഇരിങ്ങാലക്കുട മൂരിയാട് മകനെ വെട്ടിക്കൊന്ന അച്ഛന് റിമാന്‍ഡില്‍. അച്ഛനും മകനും മദ്യപിച്ച് സ്ഥിരം വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
എഴുപത്തിയൊന്നുകാരനായ രാഘവമേനോനാണ് മകന് ഗിരീഷിനെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മുപ്പത്തിയാറുകരനായ ഗിരീഷ്, ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. ഗിരീഷിന്റെ രണ്ടു ജ്യേഷ്ഠന്മാര് വേറെയാണ് താമസം. അച്ഛനും അമ്മയും ഗിരീഷുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യലഹരിയില്‍ അച്ഛനും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടുമായിരുന്നു.
സമാനമായ തര്‍ക്കത്തിനിടെയാണ് അച്ഛന് അരിവാളെടുത്ത് കഴുത്തില്‍ വെട്ടിയത്. കത്രിക ഉപയോഗിച്ച് കുത്തുകയും ചെയ്തു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ അച്ഛനെ പതിനാലു ദിവസത്തേയ്ക്കു ഇരിങ്ങാലക്കുട കോടതി റിമാന്‍ഡ് ചെയ്തു.