പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യചെയ്ത കേസില്‍ പ്രതികള്‍ ഒളിവില്‍. പുതിയവിള സ്വദേശിനി ജയശ്രീയും ബന്ധുക്കളായ മൂന്നുസ്ത്രീകളുമാണ് ഒളിവില്‍ പോയത്. അതേസമയം കോടതി അനുമതിയോടെ ജയയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വട്ടിപ്പലിശയ്ക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് കാട്ടില്‍ തെക്കതില്‍ ഭുവദാസന്റെ ഭാര്യ രാധാമണി ആത്മഹത്യചെയ്തത്. വനിതകളടങ്ങിയ ബ്ലേഡ്മാഫിയ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്താണ് രാധാമണി ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേതുടര്‍ന്നാണ് കനകക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡ്മാഫിയ സംഘമാണ് ജയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ജയയും ആരോപണവിധേയരായ സഹോദരിമാരും ഒളിവില്‍ പോയത്. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ കായംകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട് പരിശോധിച്ചു. മുദ്രപത്രങ്ങളും ആധാരങ്ങളും വീട്ടില്‍നിന്ന് കണ്ടെടുത്തു. ഓപ്പറേഷന് കുബേര നിലച്ചതോടെ പ്രദേശത്ത് ബ്ലേഡ് മാഫിയ സംഘം പിടിമുറുക്കിയതായി നാട്ടുകാര്‍ പറയുന്നു. സ്ത്രീകള്‍ നേതൃത്വം നല്കുന്ന സംഘങ്ങളാണ് പണം പലിശയ്ക്ക് നല്കുന്നതില് പ്രധാനികള്‍. ചെറുകിട കച്ചവടക്കാരും വീട്ടമ്മമാരുമാണ് ഏറെയും അകപ്പെട്ടിരിക്കുന്നത്. പണം തിരികെ വാങ്ങാനെത്തുന്ന ഗുണ്ടാസംഘങ്ങളെ ഭയന്നാണ് ഇവര്‍ ജീവിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘവും കായംകുളം മേഖലയില്‍ ബ്ലേഡ് ഇടപാട് രംഗത്ത് സജീവമായിട്ടുണ്ട്.