ടെക്നോപാർക്കിൽ ജോലിക്കെത്തിയതിന്റെ രണ്ടാം ദിവസം ബൈക്ക് മോഷ്ടിച്ച യുവാവ് തൊട്ടടുത്ത ദിവസവും ബൈക്ക് മോഷ്ടിച്ചതോടെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പോത്തൻകോട് കോലിയക്കോട് പാറപൊറ്റയിൽ വീട്ടിൽ ഗോകുലിനെ(18)യാണ് രണ്ടു ബൈക്കുകൾ മോഷ്ടിച്ച കേസിൽ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27നു ടെക്നോപാർക്കിലെ നിള കെട്ടിടത്തിലെ ഒരു ഐടി കമ്പനിയിൽ ശുചീകരണ തൊഴിലിനായി കരാർ ജോലിക്കെത്തിയതാണിയാൾ. തൊട്ടടുത്ത ദിവസം കെട്ടിടത്തിലെ പാർക്കിങ് സെന്ററിൽനിന്നു തമിഴ്നാട് റജിസ്ട്രേഷൻ ബൈക്ക് മോഷ്ടിച്ചു. വീട്ടിലേക്കു പോകുന്ന വഴിയിൽ ചന്തവിളയിൽ വച്ചു ബൈക്ക് അപകടത്തിൽ പെട്ടു. പരുക്കേറ്റ ഗോകുൽ ആശുപത്രിയിൽ ചികിത്സ തേടുകയും തകർന്ന ബൈക്ക് തൊട്ടടുത്ത വർക്ക്ഷോപ്പിൽ ഏൽപിക്കുകയും ചെയ്തു.
അടുത്തദിവസം ജോലിക്കെത്തിയ ഗോകുൽ തൊട്ടടുത്ത കെട്ടിടത്തിലെ പാർക്കിങ് സെന്ററിൽനിന്നു മറ്റൊരു ബൈക്കും മോഷ്ടിച്ചു ഇതുമായി അടുത്ത ദിവസം ജോലിക്കെത്തുമ്പോഴാണു ടെക്നോപാർക്കിലെ സിസി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ തിരിച്ചറിഞ്ഞത്.