മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഡല്‍ഹി മലയാളി. പൊട്ടിവീണ വൈദ്യുതകമ്പിയില്‍ നിന്നു ഷോക്കേറ്റ് മകന് മരിച്ച സംഭവത്തിലാണ് ചങ്ങനാശേരി സ്വദേശി ദേവസ്യ തോമസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നത്. വൈദ്യുതിവിതരണ കമ്പനിക്കും ഡല്‍ഹി സര്‍ക്കാരിനുമെതിരെയാണ് ദേവസ്യയുടെ നിമയയുദ്ധം.
കഴിഞ്ഞമാസം പതിനൊന്നിനാണ് ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ പൊട്ടിവീണു കിടന്ന വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് റോബിന് ഡി.തോമസ് എന്ന വിദ്യാര്‍ഥി മരിച്ചത്. ആരും തിരഞ്ഞുനോക്കാതെ മരണത്തോട് മല്ലടിച്ച് ഇരുപത് മിനിറ്റ് റോബിന് റോഡില്‍ കിടന്നു. പിന്നീട് ഒാടിക്കൂടിയ മലയാളികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യുതകന്പി പൊട്ടിവീണ വിവരം കമ്പനി അധികൃതരെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല.വൈദ്യുതി വിതരണക്കാരുടെ സുരക്ഷാ സംവിധാനം കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ മകന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നെന്ന് ദേവസ്യ പറയുന്നു.
സംഭവത്തിന്റെ അടുത്തദിവസം വൈദ്യുതികമ്പി ഭൂമിക്കടിയിലൂടെ മാറ്റി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തിയത്. ആയിരത്തോളം മലയാളികളാണ് ദില്‍ഷാദ് ഗാര്ഡന് മേഖലയില്‍ മാത്രം താമസിക്കുന്നത്. പൊട്ടിവീഴാന്‍ സാധ്യതയുള്ള കമ്പി മാറ്റി സ്ഥാപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതാണ് റോബിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമായത്. അനധികൃതരുടെ അനാസ്ഥമൂലമുള്ള ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നീതി തേടിയുമാണ് ദേവസ്യ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. വൈദ്യുതികന്പനി അധികൃതരോ സര്‍ക്കാര്‍ പ്രതിനിധികളോ ഇതുവരെ തിരഞ്ഞുനോക്കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു,