കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ കള്ളനോട്ട് കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം വിപുലപ്പെടുത്തുന്നു. രണ്ടു പ്രതികളേയും കൊടുങ്ങല്ലൂര്‍ മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേയ്ക്കു ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.
വീട്ടിലെ കംപ്യൂട്ടര്‍ പ്രിന്ററില്‍ കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത കേസില്‍ രണ്ടു പ്രതികളേയും ക്രൈംബ്രാഞ്ച് ഒ.സി.ഡബ്ലു വിഭാഗം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യല്‍ തുടരുകയാണ്. ഡിവൈ.എസ്.പി: പി.ടി.ബാലന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് സമഗ്രാന്വേഷണം നടത്തുന്നത്. യുവമോര്‍ച്ച പ്രാദേശിക നേതാവ് എരാശേരി രാഗേഷ്, സഹോദരന് രാജീവ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. കൊള്ളപലിശക്കാരെ കുടുക്കാനുള്ള റെയ്ഡിലാണ് കള്ളനോട്ട് മതിലകം പൊലീസ് കണ്ടെത്തിയത്.
ഒരു ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയുടെ കള്ളനോട്ടുകളാണ് ഈ സഹോദരങ്ങളുടെ വീട്ടില്‍നിന്ന് പിടികൂടിയത്. 2000, 500, 100, 50 രൂപയുടെ കള്ളനോട്ടുകള്‍ കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു. ഈ നോട്ടുകള്‍ ആരൊക്കെ മുഖേന നാട്ടില്‍ വിതരണം ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. കള്ളനോട്ട് ഇടപാടിലെ ഏജന്റുമാരെ കണ്ടെത്താനും ശ്രമം തുടരുകയാണ്. കള്ളനോട്ട് നിര്‍മാണത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയവരെ കണ്ടെത്താനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്.