കൊടുങ്ങല്ലൂര്‍ മതിലകത്ത് വാടകവീട്ടില്‍ വ്യാജമദ്യ നിര്‍മാണം. നൂറിലേറെ വ്യാജമദ്യക്കുപ്പികളുമായി യുവാവ് പിടിയില്‍. ഒളിവില്‍ പോയ സംഘത്തിലെ മുഖ്യകണ്ണിക്കായി എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
വാടകവീട്ടില്‍ വ്യാജമദ്യം നിര്‍മിക്കുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം. എക്സൈസ് സംഘം ഈ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുമുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒറ്റനോട്ടത്തില്‍തന്നെ കാറിനകത്ത് മദ്യക്കുപ്പികളുടെ ശേഖരം. കാറിനകത്ത് നിന്ന് കിട്ടിയത് 48 കുപ്പി മദ്യം. വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തത് 80 കുപ്പികളും. കുപ്പികളുടെ ഇരുപതിനായിരം അടപ്പുകളും പിടിച്ചെടുത്തു. മദ്യക്കുപ്പിയില്‍ പതിക്കാനുള്ള സ്റ്റിക്കറും കണ്ടെടുത്തു. വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന കൂളിമുട്ടം സ്വദേശി നിതേഷിനെ കയ്യോടെ പിടികൂടി.
ശ്രീനാരായണപുരം സ്വദേശി അനില്‍കുമാറാണ് മദ്യം കന്നാസുകളിലാക്കി വീട്ടില്‍ എത്തിച്ചിരുന്നത്. അനില്‍കുമാര്‍ ഒളിവിലാണ്. 290 രൂപയ്ക്കാണ് ഒരു കുപ്പി വിറ്റിരുന്നത്. ഇതു വാങ്ങുന്നവര്‍ 200 രൂപ കൂട്ടി വില്‍ക്കും. ഏജന്റുമാരുടെ നമ്പറുകള്‍ എക്സൈസിന് ലഭിച്ചു. അറസ്റ്റിലായ നിതേഷ് ഒരുവര്‍ഷമായി ഈ വാടകവീട്ടിലാണ് ഭാര്യാസമേതം താമസം. ഭാര്യയാകട്ടെ, എം.സി.എ. ബിരുദധാരിയും. കൊച്ചിയിലാണ് ജോലി.