അമിത പലിശയ്ക്ക് പണം കടം കൊടുത്തിരുന്ന മൂന്നംഗ സംഘം കൊച്ചിയില്‍ അറസ്റ്റില്‍. പണം കടം നല്കിയ ശേഷം ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ പതിവെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ താമസക്കുന്ന യുവതികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കുമ്പളങ്ങി സ്വദേശികളായ ബാബുരാജ്,പീറ്റര്‍,ബാവ എന്നിവരാണ് പിടിയിലായത്. അമിത പലിശയ്ക്ക് പണം കൊടുത്തതിനു ശേഷം പണം വാങ്ങിയവരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാന്‍ മൂവരും ശ്രമിച്ചിരുന്നെന്നാണ് പൊലീസ് ഭാഷ്യം. മഞ്ഞുമ്മല്‍ സ്വദേശികളായ യുവതികള്‍ നല്കിയ പരാതിയിലാണ് മൂവരും അറസ്റ്റിലായത്. ഒന്നരലക്ഷം രൂപ കടം നല്‍കിയതിനു േശഷം യുവതികളില്‍ നിന്ന് ഇതിന്റെ ഇരട്ടിത്തുക മൂവരും ചേര്ന്നീടാക്കിയെന്ന് പൊലീസ് പറയുന്നു. ഇതിനു ശേഷവും പണം നല്‍കണമെന്ന ആവശ്യവുമായി താമസസ്ഥലത്തെത്തി ഭീഷണി തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്.
ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് ബ്ലാങ്ക് ചെക്കുകളും ഒട്ടേറെ പ്രൊമിസറി നോട്ടുകളും കണ്ടെടുത്തു. രേഖകളുടെ വിശദമായ പരിശോധനയ്ക്കു ശേഷം മൂവരെയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.