പ്രായപൂർത്തിയാകാത്ത രണ്ടു പേരുമായി പതിനെട്ടുകാരന്റെ നേതൃത്വത്തിൽ പാലക്കാട്ട് ബൈക്ക് മോഷണം. നാലു ബൈക്കുകളും നിരവധി മൊബൈൽഫോണുകളും മൂവർ സംഘത്തിൽ നിന്ന് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വീടുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിലാണ് ബൈക്ക് മോഷണം. പാലക്കാട് , ചന്ദ്രനഗർ മുണ്ടക്കോട് സ്വദേശി മുകേഷാണ് അറസ്റ്റിലായത്. മുകേഷിന് പതിനെട്ടുവയസ്. സുഹൃത്തുക്കളായ പ്രായപൂർത്തിയാവാത്ത രണ്ട് പേരെയും പൊലീസ് പിടികൂടി. പട്ടിക്കര ബൈപാസ് റോഡിൽ വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ വരുകയായിരുന്ന മൂവർ സംഘത്തെ പിടികൂടിയത്. കൽമണ്ഡപം , താരേക്കാട് , വണ്ടിത്താവളം , കോയമ്പത്തൂർ ഉക്കടം എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച നാലു ബൈക്കുകൾ പൊലീസ് കണ്ടെത്തി.
കൂടാതെ നിരവധി മൊബൈൽ ഫോണുകൾ, പഴയ ഇരുമ്പ് വസ്തുക്കളും മോഷണമുതലായുണ്ട്. വാളയാർ, പാലക്കാട് സൗത്ത്, ഒറ്റപ്പാലം, അങ്കമാലി എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ ഉളളതായാണ് വിവരം.