എറണാകുളം ഇടക്കൊച്ചിയില്‍ കടയില്‍ കയറി വസ്ത്ര വ്യാപാരിയെ വെട്ടിയ കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. വ്യാപാരിയെ വെട്ടിയ നാലംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്. മൈസൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത മൂവരെയും നാളെ കോടതിയില്‍ ഹാജരാക്കും. പിടിയിലായവര്‍ കൊലപാതകം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
ഏലൂര്‍ സ്വദേശികളായ രാധാകൃഷ്ണന്,വിനു എന്നിവരും ചേരാനെല്ലൂര്‍ സ്വദേശി ഉണ്ണിയുമാണ് അറസ്റ്റിലായത്. ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയായ ബാലസുബ്രഹമണ്യത്തിനെ കടയില്‍ കയറി വെട്ടിയ സംഘത്തില്‍ ഇവര്‍ മൂവരും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മൂവരെയും കര്‍ണാടകയിലെ മൈസൂരില്‍ നിന്നാണ് പിടികൂടിയത്. കൊലപാതക കേസുകളിലടക്കം പ്രതികളാണ് അറസ്റ്റിലായ മൂവരും.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നുബാലസുബ്രഹ്മണ്യത്തിനെതിരായ ആക്രമണം. സിഗരറ്റ് കളളക്കടത്തു സംഘം നല്കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ഗുണ്ടാ സംഘം ബാലസുബ്രഹ്മണ്യത്തിന്റെ കൈവെട്ടിയത്. കഴിഞ്ഞ മാസം കൊച്ചിയിൽ ടാക്സ് എൻഫോഴ്സ്മെന്റ് നടത്തിയ സിഗരറ്റ് വേട്ട ബാലസുബ്രമണ്യം നൽകിയ വിവരത്തെ തുടർന്നാണെന്ന നിഗമനത്തിലായിരുന്നു ആക്രമണം. കേസിന്റെ ഗുഡാലോചനയില്‍ പങ്കെടുത്ത രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.