മലപ്പുറത്ത് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവും അമ്മയും അറസ്റ്റിലായി. ലോഡ്ജുകളില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതിയുടെ അമ്മ തന്നെ അവസരമൊരുക്കിയെന്നാണ് കേസ്.
കോഴിക്കോട് ഓമശേരി സ്വദേശി ഷിബിനും അമ്മ ആനന്ദവുമാണ് അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസാണ് പരപ്പനങ്ങാടിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഷിബിനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്നു. ഇതു മുതലെടുത്തായിരുന്നു തട്ടിക്കൊണ്ടുപോയത്.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പറശിനിക്കടവ്, പരപ്പനങ്ങാടി തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മ ആനന്ദം എല്ലാത്തിനും ഒത്താശ നല്‍കിയെന്ന് പെണ്‍കുട്ടി മൊഴി നല്കി. വൈദ്യപരിശോധനയിലും പീഡനം സ്ഥിരീകരിച്ചു. ഇതിനു മുന്‍പു പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും ഷിബിനെതിരെ കേസുണ്ട്.