ഡല്‍ഹിക്കടുത്ത് രാജ്യതലസ്ഥാന പ്രദേശത്തെ രണ്ടിടങ്ങളില്‍ മാനഭംഗം. ഗ്രേറ്റര്‍ നോയ്ഡയില് യുവതിയെ തട്ടിക്കൊണ്ടുപോയി ഒാടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ മാനഭംഗപ്പെടുത്തി. ഗുരുഗ്രാമില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. അതേസമയം, സുരക്ഷയൊരുക്കേണ്ട പൊലീസ് പട്രോളിങ് സംഘം ജീപ്പിനുളളില്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ രാത്രി എട്ടുമുപ്പതോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുപ്പത്തിയഞ്ചുകാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. നിര്‍ത്താതെ ഓടിയ കാറിനുളളില്‍ എട്ടുമണിക്കൂറോളം യുവതിയെ ക്രൂരപീഡനത്തിനിരയാക്കി. പിന്നീട് കസ്ന പൊലീസ് സ്റ്റേഷന് സമീപം വഴിയരികില്‍ ഉപേക്ഷിച്ചു. അതീവഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പ്രതികളെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണ്.
ഇതിനിടെ, യുവതിയെ ഉപേക്ഷിച്ച സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘം വഴിയരികില്‍ ജീപ്പ് നിര്‍ത്തിയിട്ട ശേഷം ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പീഡനക്കേസില്‍ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം തയാറായില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം, ഗുരുഗ്രാമില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. രണ്ടാഴ്ച്ചമുന്‍പ് ഇതേ സ്ഥലത്ത് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒാട്ടോറിക്ഷയില്‍ നിന്ന് വലിച്ചെറിഞ്ഞശേഷം അമ്മയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിരുന്നു.