വിവാദ സന്യാസി നിത്യാനന്ദയുടെ ശിഷ്യരില്‍ ഒരാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതില്‍ വന്‍ പ്രതിഷേധം. പ്രകോപിതരായ നാട്ടുകാര്‍ ചെന്നൈയിലെ ആശ്രമം തല്ലി തകര്‍ത്തു. ആശ്രമത്തിന് സമീപത്ത് താസമിക്കുന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
ഞായറാഴ്ച്ച ഉച്ചയോടെ ആണ് സംഭവം. നിത്യാനന്ദയുടെ ശിഷ്യന് ഗോപിയ്ക്കെതിരെയാണ് സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയത്. സമീപത്ത് താമസിയ്ക്കുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഗോപി, ഇതു ചോദിയ്ക്കാന്‍ വന്നവര്‍ക്കെതിരെയും തട്ടിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട നാട്ടുകാര്‍ ആശ്രമം തല്ലി തകര്‍ക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇവര്‍ മറിച്ചിട്ടു.
പൊലിസ് സ്ഥലത്തെത്തിയെങ്കിലും സ്ഥിതി ഗതികള്‍ നിയന്ത്രിയ്ക്കാനായില്ല. ഒടുവില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായത്.