തലശേരി കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസ് എഴുതിതള്ളിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധ സദസ്. കുട്ടിമാക്കൂല്‍ കേസിലും ഫസല്‍ കേസിലും ആഭ്യന്തരവകുപ്പ് പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ദലിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം എല്‍ എ , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ദിവസം എഴുതിതള്ളിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. സിപിഎം ഒാഫീസില്‍ കയറി അഖിലയും അഞ്ജനയും പാര്‍ട്ടിപ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ ഇരുവരേയും അറസ്റ്റുചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായി സംസാരിച്ചതിനെ തുടര്‍ന്നാണ് അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ഒരുവര്‍ഷമാകുമ്പോള്‍ കേസ് എഴുതി തള്ളി എഎന്‍ ഷംസീറിനേയും പി.പി ദിവ്യയേയും രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി സംസ്ഥാനമനുഷ്യാവകാശ കമ്മീഷനും ദേശീയമനുഷ്യാവകാശ കമ്മീഷനും രേഖപ്പെടുത്തിയിരുന്നു. ശക്തമായ പ്രതിഷേധമുണ്ടായിട്ടും കേസ് കോടതിവിചാരണക്കുപോലും വിടാതെ എഴുതി തള്ളിയതിനെതിരെ നിയമപരമായ പോരാട്ടം തുടരാനാണ് കോണ്‍ഗ്രസ് നീക്കം. ദലിത് കോണ്‍ഗ്രസ് നേതാവായ രാജന്റെ വീടിനുനേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുകയും പെണ്‍കുട്ടികളെ സ്ഥിരമായി പാര്‍ട്ടി ഒാഫീസില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ കളിയാക്കുകയും ചെയ്തപ്പോള്‍ ചോദ്യം ചെയ്യുകമാത്രം ചെയ്തെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. പെണ്‍കുട്ടികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുചുമത്തി ജയിലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.