മുംബൈയിൽ മറ്റൊരു സിനിമാനടിയെകൂടി സ്വന്തം വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തി. ഭോജ്പുരി നടിയായ അഞ്ജലി ശ്രീവാസ്തവയെയാണ് ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോളിവുഡ് നടിയും മോഡലുമായ കൃതികാചൗധരിയെ കഴിഞ്ഞ ചൊവ്വാഴ്ച ദുരൂഹസാചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയസംഭവം.
മുംബൈ അന്ധേരി വെസ്റ്റിൽ ജുഹു ലൈനിലെ പരിമൾ ഹൗസിങ് സൊസൈറ്റിയിലായിരുന്നു അഞ്ജലി ശ്രീവാസ്തവയെന്ന ഭോജ്പുരി നടിയുടെ താമസം. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുപത്തിയൊൻപതുകാരിയായ നടിയെ ഇന്നലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഞായറാഴ്ച വീട്ടുകാരും സുഹൃത്തുക്കളും അടക്കമുളളവർ പലവട്ടം വിളിച്ചെങ്കിലും നടി ഫോൺ എടുത്തില്ല. സംശയംതോന്നിയ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചു. വീട്ടുടമ തന്റെ പക്കലുള്ള താക്കോൽ ഉപയോഗിച്ചു പിന്നീട് ഫ്ളാറ്റ് തുറന്നു. അപ്പോഴാണ് ഫാനിൽ സാരി ഉപയോഗിച്ചു തൂങ്ങി മരിച്ചനിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ വീട്ടുടമസ്ഥൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തനായിട്ടില്ലെന്നും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡി.എൻ. നഗർ പൊലീസ് അറിയിച്ചു. നടിയും മോഡലുമായ കൃതിക ചൗധരിയെ കഴിഞ്ഞചൊവ്വാഴ്ച അന്ധേരിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തയിരുന്നു. ഇതിനു പിന്നാലെയാണ് ഭോജ്പുരി നടിയുടെ ദുരൂഹമരണം.