കാസർകോട് പെരിയടുക്കയിൽ കാറിലെത്തിയ സംഘം യുവാവിനെ വെട്ടികൊലപ്പടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതിയായ യുവാവിനെ ലക്ഷ്യമിട്ടെത്തിയ സംഘം ആളുമാറി ആക്രമിക്കുകയായിരുന്നു. മൊഗ്രാൽ പുത്തൂര്‍ മജലിലെ രാജേഷിനെയാണ് സ്കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ബുധനാഴ്്ച്ച രാത്രിയായിരുന്നു സംഭവം. അടിക്കടി വർഗീയ സംഘർഷങ്ങളുണ്ടാകുന്ന പ്രദേശമായതിനാൽ അക്രമമുണ്ടായ ഉടനെ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. അണങ്കൂര്‍ ബെദിര അടിയാംപെട്ടിയിലെ പി എ ഫൈസല്‍ ,ടി വി സ്റ്റേഷനടുത്ത് താമസിക്കുന്ന കെ ഹബീബ് റഹ് മാന്‍ ,ചൗക്കി ആസാദ് നഗറിലെ ടി എ താജുദ്ദീന് എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തിട്ടുണ്ട് ഒരാൾ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ചൗക്കി പെരിയടുക്കയിലെ മുഹമ്മദ് റഫീഖ്, തളങ്കരയിലെ ആബിദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉദയനെ ലക്ഷ്യമിട്ടെത്തിയ സംഘം ആളുമാറിയാണ് രാജേഷിനെയാണ് സംഘം ആക്രമിച്ചത്. ഉദയന്റെ സുഹൃത്താണ് ഗുരുതരമായ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രാജേഷ്.