പൊന്‍കുന്നം സബ് ജയിലില്‍ സഹതടവുകാരനു നേരെ റിമാന്‍ഡ് പ്രതിയുടെ അക്രമം. കൊലക്കേസ് പ്രതിയായ നിഷാദ് സഹതടവുകാരന്റെ തല കല്ലുകൊണ്ടടിച്ചു പൊട്ടിച്ചു. ആക്രമണത്തിനിരയായ ജോമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോർത്തിനുള്ളിൽ കല്ലിട്ട് കെട്ടിവച്ചാണ് നിഷാദ് സഹതടവുകാരനായ ജോമേഷ് ജോര്‍ജിന്റെ തലയ്ക്കടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോമേഷിനെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിന് രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു പരിക്കേറ്റ ജോമേഷിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോമേഷിന്റെ തലയിൽ എട്ട് തുന്നിക്കെട്ടുണ്ട്. സംഭവത്തില്‍ പൊൻകുന്നം പോലീസ് കേസെടുത്തു. മജിസ്ട്രേറ്റിന്റെ അനുമതിയോടെ സബ് ജയിലില്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കൊലപാതക കേസിലെ പ്രതിയാണ് 32കാരനായ നിഷാദ് തമ്പി.