പഴനിയില്‍ മദ്യക്കട പൂട്ടിയതിനെതിരെ മദ്യപിച്ചു കൊണ്ട് റോഡുപരോധിച്ച സമരക്കാര്‍ തമ്മിലുണ്ടായ അടിപിടിയ്ക്കിടെ യുവാവ് കൊല്ലപ്പെട്ടു. 33 കാരനായ മല്‍സ്യത്തൊഴിലാളി മാരിമുത്തുവാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡുകള് കൊണ്ട് തലയ്ക്ക് ശക്തമായ അടിയേറ്റതാണ് മരണകാരണം. പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
പഴനി, ബാലസമുദ്രത്തില് ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. ഇതിനെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. ദേശീയ പാതയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യക്കടകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ബാലസമുദ്രം മദ്യക്കട അടച്ചു പൂട്ടിയത്. ഇതിനെതിരെയാണ് ഒരു സംഘം മദ്യപാനികള്‍ രംഗത്തെത്തിയത്. മദ്യക്കട തുറക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമരം ആരംഭിച്ചു.
മദ്യപിച്ചു കൊണ്ട് റോഡുപരോധിച്ചായിരുന്നു സമരം. ഇതിനിടയിലാണ് മാരിമുത്തുവും മറ്റു സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. വൈകാതെ ഇത് കയ്യാങ്കളിയായി. ഇതിനൊടുവിലാണ് ഇരുന്പു ദണ്ഡുപയോഗിച്ച് യുവാവിനെ നാലംഗ സംഘം തലയ്ക്കടിച്ചു കൊന്നത്. മാരിമുത്തു സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.