രാജസ്ഥാനിലെ കരോളിയില്‍ മലയാളിയായ നഴ്സിങ് കോളജ് അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കുറ്റപ്പുഴ സ്വദേശി 25കാരിയായ ശ്യാമയാണ് മരിച്ചത്. സഹപാഠിയായിരുന്ന യുവാവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിലെ സ്വകാര്യ നഴ്സിങ് കോളജിലെ അധ്യാപികയായിരുന്ന തിരുവല്ല സ്വദേശി ശ്യാമയെ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നഴ്സിംഗ് പഠന കാലത്ത് ശ്യാമയുടെ സഹപാഠിയായിരുന്ന വിഷ്ണു ഗുരുജറിന്റെ വീട്ടിലാണ് ശ്യാമയുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂരില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള കരോളി എന്ന സ്ഥലത്താണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടെ ശ്യാമ മരിച്ചതായി കരോളി പൊലീസ് തിരുവല്ലയിലുള്ള വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ ശ്യാമ, ആത്മഹത്യ ചെയ്യുകയായിരുന്നാണ് വിഷ്ണുവും അമ്മയും പൊലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ശ്യാമ ബിഎസ്സി നഴ്സിംഗ് പഠിച്ചത്. ഇവിടെ ശ്യാമയുടെ സഹപാഠിയായിരുന്ന വിഷ്ണു ഗുരുജറുമായി ശ്യാമ അടുപ്പത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ഡിംസബറില്‍ ജോലിക്കായി ജയ്പൂരിലേയ്ക്ക് പോയ ശ്യാമ, അതിന് ശേഷം നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. ഇന്നലെ രാത്രി 8 മണിയോടെ അമ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച ശ്യാമ രണ്ട് ദിവസത്തിനകം നാട്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.