E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൊടനാട്: ചക്രവർത്തിനിയുടെ സ്വന്തം സാമ്രാജ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kodanad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോയമ്പത്തൂർ– മേട്ടുപ്പാളയം റോഡിൽനിന്നു ചുരം കയറിയാൽ കോത്തഗിരിയായി. അവിടെനിന്നു 12 കിലോമീറ്റർ ദൂരം മാത്രം, കൊടനാട് എസ്റ്റേറ്റ്. അതൊരു എസ്റ്റേറ്റല്ല, സാമ്രാജ്യമാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെന്ന ചക്രവർത്തിനിയുടെ വിജയഗാഥയുടെ സ്മാരകം. വഴിയിലുടനീളം സൂചനാ ബോർഡുകൾ. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 25 ഡിഗ്രിക്കു താഴെ താപനില. ടാറിട്ടു മിനുക്കിയ മനോഹരമായ റോഡ്. കോത്തഗിരിയിൽ നിന്ന് അഞ്ചു മുടിപ്പിൻ വളവുകൾ താണ്ടിയാൽ എസ്റ്റേറ്റിലെത്താം. കൊടനാട് വ്യൂ പോയിന്റിലേക്കുള്ള വഴിയിലാണിത്. ദുരൂഹതകൾ എന്നും ഈ പ്രദേശത്തെ വലയം ചെയ്തു നിന്നിട്ടുണ്ട്. ഒപ്പം വിവാദങ്ങളും.

അതിലൊരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് ഈയിടെ നടന്ന കൊലപാതകം. 2017 ഏപ്രിൽ 24നു ഗൂർഖാ കാവൽക്കാരിലൊരാളായിരുന്ന റാം ബഹദൂർ കൊല്ലപ്പെട്ടു. കൃഷ്ണബഹദൂർ എന്ന കാവൽക്കാരനെ കെട്ടിയിട്ടു വായിൽ തുണി തിരുകിക്കയറ്റിയ നിലയിൽ കണ്ടെത്തി. കാറിലെത്തിയ ഒരു സംഘം എസ്റ്റേറ്റിൽ കവർച്ചയ്ക്കു ശ്രമിക്കുന്നതിനിടെയാണിത്. എന്നാൽ അതിനു പിന്നിലെ വസ്തുതകളുടെ ചുരുളഴിയാനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷേ അന്വേഷണം അധികമൊന്നും മുന്നോട്ടു പോയില്ലെന്നും വരാം.

ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട സങ്കേതമായിരുന്നു ഇത്. നീലഗിരി മലനിരകളിലെ ഹരിതഭംഗിയും കോടമഞ്ഞിന്റെ കുളിരുമൊക്കെ അതിനു കാരണങ്ങളായി. ആരോഗ്യനില മോശമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും മുമ്പ് ഇവിടെ വന്നു വീണ്ടും താമസിക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രേ. ആ മോഹം സഫലമാകാതെയാണു യാത്രയായത്. അതിനു പരിഹാരമായി ആത്മശാന്തിക്കുള്ള പ്രത്യേക പൂജകൾ ഇവിടെ നടത്താനുള്ള ആലോചനകൾ സജീവമായിരുന്നെന്നു വാർത്തയുണ്ടായിരുന്നു.

യാത്രയിൽ വഴിയിലെ പൊലീസ് ചെക് പോസ്റ്റിൽ വാഹനം തടഞ്ഞു. ക്യാമറയുണ്ടോ എന്നു പരിശോധിക്കാനാണ്. ഇവിടെ ഫോട്ടോയെടുക്കുന്നതിനു കർശന നിയന്ത്രണമുണ്ട്. ചെക് പോസ്റ്റ് പിന്നിട്ടാലുടൻ എസ്റ്റേറ്റ് തുടങ്ങുകയായി. റോഡിന്റെ ഇരുവശങ്ങളിലും തേയില തോട്ടങ്ങളുടെ പച്ചപ്പ്. സമീപത്തായി നീലഗിരിയിലെ ഗോത്രവർഗമായ തോഡ സമൂഹത്തിന്റെ ചെറിയൊരു ക്ഷേത്രം. പനമ്പട്ടകൾകൊണ്ടു നിർമിച്ച ചെറിയ കുടിൽ. അവിടേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.

ക്ഷേത്ര വേലിക്കെട്ടിനകത്തെ പച്ചക്കറിത്തോട്ടം എസ്റ്റേറ്റിന് അതിരിടുന്നു. ദൂരെയായി ഹെലിപ്പാഡ്. ജയലളിത ഇവിടെ ഇറങ്ങിയാണ് എസ്റ്റേറ്റ് ബംഗ്ലാവിലേക്കു വന്നിരുന്നത്. 

കൊടനാട് ബംഗ്ലാവ്

അയ്യായിരം ചതുരശ്ര അടിയുള്ള കൊട്ടാരമാണിത്. വെളുത്ത മാർബിളിൽ തീർത്ത ഒരു മിനി ‘സെക്രട്ടേറിയറ്റാ’ണിത്. മുതിർന്ന ഉദ്യോഗസ്ഥർക്ക് സെക്രട്ടേറിയറ്റിലുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 18 മുറികളുള്ള ഈ കെട്ടിടത്തിൽ ഓഫിസുകളും വിശ്രമമുറികളുമുണ്ട്. ഡൈനിങ്ഹാളും വിശാലമായ സ്വീകരണ മുറിയും. വിശാലമായ പുഷ്പോദ്യാനം, തടാകം, ആശുപത്രി, ഫാക്ടറി, തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള വാസസ്ഥലങ്ങൾ എന്നിവയുമുണ്ട്. 1600 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിനു പതിനൊന്നു കവാടങ്ങളുണ്ട്. ഇവ കനത്ത സുരക്ഷയിലാണ്. കവാടത്തിന്റെ പുറത്ത് ഒരിടത്തുനിന്നു നോക്കിയാലും കെട്ടിടം കാണാനാവില്ല. 

വിശ്രമത്തിനും ആയുർവേദ ചികിത്സയ്ക്കുമാണ് അമ്മ ഇവിടെ എത്തുന്നത്. ജ്യോതിഷികളെ വിളിച്ചുവരുത്തി ദോഷപരിഹാര കർമങ്ങളും ചെയ്യുമായിരുന്നു. ഈ സമയത്ത് തമിഴ്നാട് ഭരണത്തിന്റെ സിരാകേന്ദ്രം കൊടനാട് ആയിരുന്നു. ഇവിടെനിന്നാണു രാഷ്ട്രീയ തീരുമാനങ്ങൾ പലതും കൈക്കൊണ്ടിരുന്നത്.

എസ്റ്റേറ്റിലേക്കു വരുമ്പോൾ ഹെലികോപ്റ്ററിൽ നിന്നു പുറത്തിറങ്ങി റോഡ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്ത് പത്താം നമ്പർ ഗേറ്റിലൂടെയാണ് അകത്തു കയറിയിരുന്നത്. പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിട്ടു കാണാനാണിത്. അമ്മയുടെ രാജകീയ ഘോഷയാത്രയെ അവർ വാദ്യഘോഷങ്ങളൊരുക്കിയും ആരതി ഉഴിഞ്ഞുമൊക്കെയാണു വരവേറ്റിരുന്നത്. 

കനത്ത സുരക്ഷാ വലയത്തിൽ കാറിനുള്ളിലിരുന്ന് പ്രത്യഭിവാദ്യം ചെയ്യുമ്പോൾ വികാരം അണപൊട്ടും. ‘അമ്മാ’ വിളികൾ ഉയരും. പ്രധാനപ്പെട്ട നേതാക്കൾ പത്താം നമ്പർ ഗേറ്റിനു സമീപമാണു നിൽക്കുക. കാറിന്റെ ഗ്ലാസ് താഴ്ത്തി അവരോടു കുശലാന്വേഷണം ചെയ്യും. അവർക്കും അത്രയേ വേണ്ടൂ. പിന്നീട് സമീപത്തുതന്നെയുള്ള പത്താം നമ്പർ പ്രത്യേക വാതിലിലൂടെ അകത്തു പ്രവേശിക്കും.

ആദ്യമൊക്കെ പ്രഭാത–സായാഹ്ന നടത്തത്തിനിടെ തങ്ങളെ നേരിട്ടുകാണുമായിരുന്നെന്നു തൊഴിലാളികൾ പറയുന്നു. പിന്നീട് ബാറ്ററി കാറിലേക്കു മാറി. കെട്ടിടത്തോടു ചേർന്ന ചെറിയ തടാകത്തിലെ ബോട്ട് സവാരി ജയ ഏറെ ആസ്വദിച്ചിരുന്നു. ജയലളിതയുള്ള കാലത്ത് അനുവാദമില്ലാതെ ഒരു ഈച്ച പോലും മൂളിയെത്തിയിരുന്നില്ല ഇവിടേക്ക്. ആ സുരക്ഷകൾ മറികടന്നാണു പതിനൊന്നാം ഗേറ്റിലൂടെ കവർച്ചാ സംഘം എസ്റ്റേറ്റിലേക്കു വന്നത്. 

ഇതെങ്ങനെയെന്ന ചോദ്യം ചെറിയ അലോസരമൊന്നുമല്ല തമിഴകത്തുണ്ടാക്കിയിരിക്കുന്നത്. 2015 ഒക്ടോബർ 14 നാണ് അവസാനമായി ജയലളിത കൊടനാട്ടിലെത്തിയത്. തിരക്കുകളൊഴിഞ്ഞ ശേഷം ഇവിടേക്കു തിരിച്ചെത്തുമെന്നും കൂടുതൽ ദിവസം താമസിക്കുമെന്നുമൊക്കെ മടക്കയാത്രയിൽ പറഞ്ഞിരുന്നതാണ്. പക്ഷേ....

kodanadu-2.jpg.image.784.410

എസ്റ്റേറ്റിന്റെ കഥ

വിലക്കൂടുതലും ഗുണമേന്മയുമുള്ള ചായപ്പൊടിയുണ്ടാക്കുന്നവയുടെ പട്ടികയിലാണ് ഈ എസ്റ്റേറ്റിനു രാജ്യാന്തര വിപണിയിലെ സ്ഥാനം. 25 ഗ്രാം ഗ്രീൻ ടീക്ക് 75 രൂപവരെ വിലയുണ്ട്. 1835ൽ ബ്രിട്ടിഷുകാർ ആരംഭിച്ചതാണിത്. ഉന്നത നിലവാരമുള്ള ഇവിടത്തെ തേയിലത്തൈകൾ പലതും വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തവയാണ്.

ക്രെയ്ഗ് ജോൺസ് ആയിരുന്നു അവസാനത്തെ വിദേശ മേധാവി. 1991ൽ ജയലളിത അധികാരത്തിലേറിയതോടെയാണ് എസ്റ്റേറ്റിന്റെ ഉടമാവകാശം മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 1992ൽ ജയലളിതയുടെ തോഴി ശശികലാ നടരാജൻ ഇവിടെ നടത്തിയ സന്ദർശനത്തോടെ നടപടികൾ ഊർജിതമായി. തൊഴിൽ തർക്കങ്ങൾ, വായ്പാ കുടിശിക കാരണമുള്ള ബാങ്ക് നടപടികൾ, വിലക്കുറവ്, തൊഴിലാളി സമരം എന്നിവ കാരണം ഫാക്ടറിയുടെ അന്തരീക്ഷം കലുഷിതമായ ഘട്ടമായിരുന്നു അത്. 

വായ്പാ കുടിശിക തീർത്ത് ഫാക്ടറി ഏറ്റെടുക്കാമെന്ന നിർദേശവുമായി ചെന്നൈയിലെ വൊഡയാർ കുടുംബം ജോൺസിനെ സമീപിച്ചു. ആ ചർച്ചകൾക്കു മകൻ പീറ്റർ കാൾ എഡ്വേർഡ് ക്രെയ്ഗ് ജോൺസ് സാക്ഷിയായിരുന്നു. ഇന്ന് അറുപതു വയസ്സുള്ള അദ്ദേഹം അതേപ്പറ്റി മനോരമയോടു വിശദീകരിച്ചത് ഇങ്ങനെ:

sasikala-jayalalitaa.jpg.image.784.410

‘‘15 കോടി രൂപയോളം വിലമതിക്കുന്ന എസ്റ്റേറ്റ് പത്തരക്കോടി രൂപയ്ക്കു കൈമാറാമെന്ന് അച്ഛനു സമ്മതിക്കേണ്ടി വന്നു. എന്നാൽ ഏഴു കോടിയെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ആദ്യഗഡുവായി ഏഴരക്കോടി നൽകാമെന്ന ധാരണയുണ്ടായി. ബാക്കി തവണകളായി നൽകാമെന്നായിരുന്നു വാഗ്ദാനം. ഏഴരക്കോടിയുടെ ഡിമാൻഡ് ഡ്രാഫ്ട് നൽകി 1994 ഡിസംബറിൽ എസ്റ്റേറ്റ് ശശികലയും കുടുംബവും സ്വന്തമാക്കി. ശശികല, ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവർ ഉടമസ്‌ഥാവകാശം ഏറ്റെടുത്തെങ്കിലും പിന്നീടൊരിക്കലും ബാക്കി തുക ലഭിച്ചില്ല’

ഇളവരശിയും സുധാകരനും പിന്നീട് ഓഹരി പങ്കാളിത്തം ഒഴിഞ്ഞു.‌ രണ്ടായിരത്തിൽ ജയലളിത ഓഹരി പങ്കാളിത്തത്തിലേക്കു വന്നു. ക്രെയ്ഗ് ജോൺസ് ഉപയോഗിച്ചിരുന്ന കെട്ടിടത്തിനു പുറമേ 2006ൽ പണികഴിപ്പിച്ച കെട്ടിടമാണു പിൽക്കാലത്തു ജയലളിത വേനൽക്കാല വസതിയാക്കിയത്. എഐഎഡിഎംകെ അധികാരത്തിനു പുറത്തായിരുന്ന വർഷങ്ങളിലെല്ലാം കൊടനാട് എസ്റ്റേറ്റ് നിയമനടപടികളിൽ കുരുങ്ങി. 

സമീപത്തെ ഒരു സ്വകാര്യ എസ്റ്റേറ്റ് വാങ്ങാൻ ഡിഎംകെയുടെ നേതൃത്വത്തിൽ ഒരു ശ്രമമുണ്ടായെങ്കിലും അന്തിമ വിജയം ജയലളിതയ്ക്കായിരുന്നു. അതു കൈവിട്ടിരുന്നുവെങ്കിൽ കൊടനാട് എസ്റ്റേറ്റിനു സമാന്തരമായി ഒരുപക്ഷേ കരുണാനിധിയുടെയും സാമ്രാജ്യം ഉയരുമായിരുന്നു. ജയലളിതയുടെ ഉടമസ്ഥതയിലേക്കു വന്നതോടെയാണ് ഇവിടത്തെ തേയില ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണി കീഴടക്കിയതത്രേ. 

രാജ്യാന്തര വിപണിയിൽ മാത്രം കിട്ടുമായിരുന്ന ആ തേയിലയ്ക്കായി ഇപ്പോൾ എസ്റ്റേറ്റിന്റെ നാലാം ഗേറ്റിനോടു ചേർന്നു ചെറിയ ഒരു വിപണന കേന്ദ്രം തുറന്നിട്ടുണ്ട്. ഇപ്പോൾ നിയമപരമായി ഉടമാവകാശം ശശികലയ്ക്കാണ്.

കണ്ണീരോർമകൾ

ക്രെയ്ഗ് ജോൺസിന്റെ  അന്ത്യം ഊട്ടിയിലെ കോത്തഗിരിയിലായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം ബെംഗളൂരുവിലേക്കു താമസം മാറി. പ്രിയപ്പെട്ട എസ്റ്റേറ്റ് നഷ്ടപ്പെട്ടത് ഈ കുടുംബത്തിന് ഇപ്പോഴും ഒരു കണ്ണീരോർമയാണ്. അതെപ്പറ്റി ക്രെയ്ഗ് ജോൺസിന്റെ മകൻ പീറ്റർ ക്രെയ്ഗ് ജോൺസിന്റെ  വാക്കുകൾ:

‘കഴിഞ്ഞ ഇരുപതിലേറെ വർഷമായി ഞങ്ങളെ ആ നഷ്ടബോധം വേട്ടയാടുന്നു. സ്വമനസ്സാലെ വിട്ടുകൊടുത്തതൊന്നുമല്ല അത്. എസ്റ്റേറ്റ് തിരിച്ചുപിടിക്കാനുള്ള നിയമപോരാട്ടത്തിന്റെ വഴികൾ തേടുകയാണിപ്പോൾ. ജയലളിത ജീവിച്ചിരുന്നപ്പോൾ അതിനു കഴിയുമായിരുന്നില്ല. അന്ന് തമിഴ്നാട്ടിൽ നിന്നു നിയമ സഹായമോ ഏതെങ്കിലും വിധത്തിലുള്ള പിന്തുണയോ കിട്ടുക സാധ്യമായിരുന്നില്ല. ഇപ്പോഴത്തെ മാറിയ സാഹചര്യം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്...’

kodanadu-1.jpg.image.784.410
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :