പ്രേമബന്ധത്തിൽനിന്നും പിൻമാറിയ കാമുകൻറെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. മുംബൈയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുപത്തിയാറുകാരനായ ഓംസിങ് സോലങ്കിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആസിഡ് ആക്രമണത്തിന് മറ്റൊരു ഇരകൂടി. മുംബൈ ഗൊരേഗാവില്‍ നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നതിങ്ങനെ. താനെ നല്ലെസോപാര സ്വദേശിനി മീരപ്രകാശ് ശർമ്മയും മുംബൈസ്വദേശിയായ ഓംസിങ് സോലങ്കിയും ഏറെനാളായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞഏതാനും ദിവസങ്ങളായി ഓംസിങ് സോലങ്കി, മീരയെ ഒഴിവാക്കാൻ ശ്രമിച്ചു. നിരവധിതവണ ഫോൺവിളിച്ചിട്ടും സംസാരിക്കാൻ തയ്യാറാകാതിരുന്ന കാമുകനെ കാണാൻ യുവതി പലവട്ടം ശ്രമംനടത്തി.
എന്നാൽ, അതിനൊന്നും വഴങ്ങാതെ തന്നിൽനിന്നും അകന്നുതുടങ്ങിയ ഓംസിങിനോട് പ്രതികാരംചെയ്യാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിനിടെ, ഗൊരേഗാവിലെ എംജെ റോഡിലുളള ഷോപ്പിങ് കോംപ്ലക്സില്‍ ഓംസിങ് എത്തിയവിവരം യുവതി അറിഞ്ഞു. ഇവിടെയെത്തിയ യുവതി ഇയാളെ കണ്ടെത്തി കയ്യില്‍കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലുമടക്കം ഗുരുതരപരുക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഇവർക്കെതിരെ ഐപിസി സെക്ഷൻ 326, 323, 504വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.