തമിഴ്നാട് സേലത്ത് വീടു വിട്ടിറങ്ങിയ പതിനാലുകാരിയെ നിര്‍ഭയ മോഡലില്‍ ക്രൂരമായി മാനംഭംഗം ചെയ്ത കേസില്‍ മൂന്നു പേര് അറസ്റ്റില്‍. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലിസ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മൂന്നംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ വീട് വിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ലക്ഷ്യമില്ലാത്തതിനാല് സേലം ഓമല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ പല തവണ സഞ്ചരിച്ചു. എവിടെയും ഇറങ്ങാത്തതിനാല്‍ ബസ് ജീവനക്കാര്‍ ഇതിനിടെ പെണ്‍കുട്ടിയെ നോട്ടമിട്ടിരുന്നു. അവസാന ട്രിപ്പിനു ശേഷം വിജനമായ പ്രദേശത്തേയ്ക്ക് ബസ് എത്തിച്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം കിട്ടിയ അവസരത്തില്‍ ഇറങ്ങി ഓടിയ കുട്ടിയെ നാട്ടുകാരാണ് രക്ഷിച്ചത്. പെണ്‍കുട്ടി നല്കിയ വിവരമനുസരിച്ച് നാട്ടുകാരാണ് പ്രതികളെ പിടികുടി പൊലിസില്‍ ഏല്‍പ്പിച്ചത്. ബസിലെ ഡ്രൈവര്‍മാരായ മണിവണ്ണന് , മുരുകന് കണ്ടക്ടര്‍ പെരുമാള്‍ എന്നിവരാണ് പിടിയിലായത്.
സേലത്തെ ഒരു ദലിത് കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാപിതാക്കള്‍ കൂലിപണിക്കാരാണ്. ഇതിനു മുന്‍പ് രണ്ടു തവണ പെണ്‍കുട്ടി വീടു വിട്ട് പോയിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.