സംസ്ഥാനാന്തര എ.ടി.എം കവര്‍ച്ചാ സംഘത്തിലെ മലയാളി ഡല്‍ഹിയില്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറിനെയാണ് ഡല്‍ഹി ഉത്തംനഗറില്‍ നിന്നു കേരള പൊലീസ് പിടികൂടിയത്. ഡല്‍ഹി ക്രൈം ബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിളിനും കവര്‍ച്ചയില്‍ പങ്കുണ്ടെന്നു പൊലീസ് കണ്ടെത്തി.
തിരുവനന്തപുരത്തെ കഴക്കൂട്ടം, ആലപ്പുഴയിലെ ചെറിയനാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിലേയും ഗുജറാത്തിലെ രാജ്കോട്ടിലേയും എ.ടി.എം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ സുരേഷ്. ഡല്‍ഹി ഉത്തംനഗറില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. കായംകുളം, മാരാരിക്കുളം സി.ഐമാരുടെ നേതൃത്വത്തിലുള്ള പത്തംഗ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹി ആര്.കെ പുരം ക്രൈം ബ്രാഞ്ച് ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസ്്ലപ് ഖാനടക്കം നാലു കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കഴക്കൂട്ടത്തെ മോഷണത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ഈ കാറും ഡല്‍ഹിയില്‍ നിന്നു കണ്ടെടുത്തു. രാജ്കോട്ടില്‍ നിന്നു 20 ലക്ഷവും കഴക്കൂട്ടത്ത് നിന്നു പത്തു ലക്ഷവും ചെറിയനാട് നിന്നു മൂന്നര ലക്ഷവുമാണ് പ്രതികള്‍ കവര്‍ന്നത്. ആറുവര്‍ഷം മുന്‍പ് ഇന്‍വെര്‍ട്ടര്‍ വ്യാപാരത്തിനാണ് സുരേഷ് ഹരിയാനയിലെത്തിയത്. ഹരിയാനയിലെ തിരുട്ടു ഗ്രാമമായ മേവാത്തിലെ മോഷണസംഘവുമായി അടുപ്പത്തിലായതോടെയാണ് എ.ടി.എം കവര്‍ച്ച തുടങ്ങിയത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസ് സംഘം പ്രതിയുമായി നാളെ ഉച്ചയ്ക്ക് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് തിരിക്കും.