ചങ്ങനാശേരിക്ക് സമീപം പായിപ്പാട് വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ബംഗാള്‍ സ്വദേശി സുഫി ജൂല് ഹക്ക് ആണ് തൃക്കൊടിത്താനം പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ കടയടയ്ക്കുന്നതിനിടെയാണ് സെഞ്ച്വറി മൊബൈല്‍സ് ഉടമ ബാബു വര്‍ഗീസ് ആക്രമണത്തിനിരയായത്. കടയുടെ എതിര്‍വശത്ത് പതുങ്ങിനിന്ന പ്രതി കടയടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെയെത്തി വ്യാപാരിയെ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തിലും കൈപ്പത്തിയിലുമാണ് പ്രധാനമായും പരുക്കേറ്റത്.
പായിപ്പാടിന് സമീപം മീന്‍കടയില്‍ ജോലിചെയ്യുന്ന സുഫി ജൂല് ഹക്ക് ബംഗാളിലെ മാല്‍ഡ സ്വദേശിയാണ്. ഞായറാഴ്ച കടയില്‍ കലക്ഷനുണ്ടാകും എന്ന് മനസിലാക്കിയ പ്രതി ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജോലി ചെയ്യുന്ന മീന്കടയില്നിന്ന് രണ്ട് ദിവസം മുന്‍പ് എടുത്ത വലിയ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. രാത്രി മുഴുവന്‍ പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ രാവിലെയാണ് പ്രതി പിടിയിലായത്. പത്തൊന്‍പതു വയസ് പ്രായമുള്ള പ്രതി കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.