കണ്ണൂര്‍ തളിപ്പറമ്പില്‍ ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മൊറാഴ പുതിയപുരയില്‍ ഷാനവാസിനെ പൊലീസ് അറസ്റ്റുചെയ്തു. തളിപ്പറമ്പില്‍ വിതരണം ചെയ്യാനെത്തിച്ച പണമാണിതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ ബിനു മോഹനും സംഘവും ഷാനവാസിന്റെ മൊറാഴയിലെ വീട്ടില്‍ പരിശോധന നടത്തിയത്. കിടപ്പുമുറിയില്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇരുപത് ലക്ഷം രൂപ കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ ഏഴുകെട്ടുകളും അഞ്ഞൂറ് രൂപയുടെ പന്ത്രണ്ട് കെട്ടുകളുമായിട്ടായിരുന്നു പണം. രണ്ടു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാനവാസ് രണ്ടാമത്തെ തവണയാണ് പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറത്തുനിന്നാണ് പണം എത്തിച്ചതെന്നും തളിപ്പറമ്പിലെ ചിലര്‍ക്ക് വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ വഴി ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് ആവശ്യക്കാര്‍ക്ക് പണമെത്തിച്ചുകൊടുക്കും. ഗള്‍ഫിലും ഹവാല റാക്കറ്റിന് കീഴില്‍ പണമിടപാട് നടത്തിയിരുന്ന ഷാനവാസ് നാട്ടിലെത്തിയതിനുശേഷവും പണമിടപാട് തുടരുകയായിരുന്നു.ഹവാല റാക്കറ്റില്‍ ഉള്‍പ്പെട്ട മറ്റുചിലരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്