മലപ്പുറം വണ്ടൂരില്‍ ടെലിഫിലിം നടിയുൾപ്പെടെ മൂന്നംഗ സംഘം കഞ്ചാവ് കടത്തിനിടെ പിടിയില്‍. പ്രതികളില്‍ നിന്ന് ആറ് കിലോ കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം കോട്ടപ്പടി സ്വദേശി സാഹിറ(44) , ചെമ്മൻകടവ് മുഹമ്മദ് ഷെമീം, വിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജൻസ് സംഘം നൽകിയ രഹസ്യ വിവരത്തേത്തുടർന്നാണു കഞ്ചാവു സഹിതം പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കാറിൽ സഞ്ചരിക്കുന്നതു കുടുംബമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണു സ്ത്രീയെ കൂടെ കൂട്ടുന്നതെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ സാഹിറ ഒട്ടേറെ ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്നും കച്ചവടത്തിന്റെ പങ്കു പറ്റിയാണു കഞ്ചാവു കടത്താൻ കൂട്ടുനിൽക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നു സ്ഥിരമായി ഈ സംഘം കഞ്ചാവ് കടത്തിയിരുന്നതായും സൂചനയുണ്ട്. മൈസൂരുവിൽ നിന്നു കഞ്ചാവുമായി വരുമ്പോഴാണ് ഇന്നലെ പിടിയിലായത്. അന്വേഷണം അവിടേയ്ക്കു വ്യാപിപ്പിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ കെ.ടി. സജിമോൻരെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.