തൃശൂർ കാളത്തോട് ശ്രീനാരായണ ധർമ്മ സമാജം ശ്രീ മഹാദേവ ക്ഷേത്രത്തിൽ കവർച്ച. ഒരു ലക്ഷത്തോളം രൂപയും തിരുവാഭരണവും മോഷണം പോയി.
രാവിലെ ക്ഷേത്രഭരണസമിതി അംഗങ്ങൾ ഒാഫീസ് തുറക്കാനെത്തിയപ്പോഴാണ് വാതിൽ തകർന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേവി വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണാഭരണവും ഭഗവാന്റ വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും ഒരു ലക്ഷത്തോളം രൂപയും മോഷണം പോയതായി കണ്ടെത്തിയത്. ഉടൻ തന്നെ അധികാരികൾ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. ക്ഷേത്രം ഒാഫീസിൽ മാത്രമാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസം ക്ഷേത്രം തന്ത്രിയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് വലിയ ചടങ്ങ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.