ബംഗാളി മോഡല്‍ സോണികാ സിങ്ങിന്റെ മരണത്തില്‍ നടനും നിര്‍മാതാവുമായ വിക്രം ചാറ്റര്‍ജിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് നടപടി. പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് നടനെതിരെ ചുമത്തിയത്. കഴിഞ്ഞ മാസമാണ് ഇരുവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഏറെ ഞെട്ടലോടെയാണ് ബംഗാളി സനിമാലോകം സോണികാ സിംഗിന്റെ മരണവാര്‍ത്ത അറിഞ്ഞത്. ജനശ്രദ്ധ പിടിച്ചുപറ്റിയ കബഡി ലീഗിന്റെ അവതാരകരില്‍ ഒരാളായി തിളങ്ങിയ സോണിക ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയിലും വിസ്മയം തീര്‍ത്തു. നിര്‍മാതാവും നടനുമായ വിക്രം ചാറ്റര്‍ജിക്കൊപ്പം സിനിമാ ഗോസിപ്പുകളിലും താരം നിറഞ്ഞുനിന്നു.
നൈറ്റ് ക്ലബ്ബുകളിലെ പാര്‍ട്ടികളില്‍ വിക്രമിന്റേയും സോണിയയുടേയും സാന്നിധ്യം മഞ്ഞപത്രങ്ങള്‍ക്ക് ഹോട്ട് ന്യൂസായിരുന്നു. കഴിഞ്ഞമാസം 29നാണ് ഇരുവരും സഞ്ചരിച്ച കാര്‍ രാഷ്ബഹാരിയില് വെച്ച് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന് രക്ഷിക്കാനായില്ല. നിസാരമായി പരുക്കേറ്റ വിക്രമിനെ ചോദ്യം ചെയ്തപ്പോഴാണ് അപകടകാരണം അമിത മദ്യപാനമാണെന്ന് വ്യക്തമായത്. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നായിരുന്നു വിക്രമിന്റെ ആദ്യ മൊഴി. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഇതിന് മുമ്പും വിക്രം ചാറ്റര്‍ജിക്കെതിരെ കേസെടുത്തിട്ടുണ്ട്. വിവാദ റിയാലിറ്റി ഷോയായ ബിഗ്ബോസില്‍ സോണികയ്ക്കൊപ്പം വിക്രം ചാറ്റര്‍ജിയും പങ്കെടുത്തിരുന്നു.