ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. പട്ടാപ്പകല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
സഹോദരനൊപ്പം മാര്‍ക്കറ്റില്‍ പോയി തിരികെ വരുമ്പോഴാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ബൈക്കില്‍ പെട്രോള്‍ അടിക്കാനായി സഹോദരന് തൊട്ടടുത്ത പമ്പിലേക്ക് പോയ തക്കം നോക്കിയാണ് അക്രമികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. രാംപൂര്‍ ജില്ലയിലെ തണ്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. വഴിയരികില്‍ തനിച്ചു നില്ക്കുന്ന പെണ്‍കുട്ടികളെ ബൈക്കിലെത്തിയ പതിനാലോളം അക്രമികളാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടികളെ കടന്നുപിടിച്ചും, ഉന്തുകയും തള്ളുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തു. അക്രമികളില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉപദ്രവിക്കരുതെന്നും വെറുതെവിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
എന്നാണ് പീഡനം നടന്നതെന്ന് വ്യക്തമല്ല. പക്ഷെ കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് കേസ് റജിസ്ട്രര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായത്. പ്രധാന പ്രതിയെ പിടികൂടിയെന്നും മറ്റുള്ളവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗൃഹനാഥനെ വെടിവെച്ചുകൊന്ന ശേഷം നാലു യുവതികളെ അക്രമിസംഘം ക്രൂരമായി പീഡിപ്പിച്ചിരുന്നു.