കൊല്ലം നഗരത്തിലെ പ്രധാന കള്ളന് അറസ്റ്റിലായി. വൈകിട്ട് ആറിനും എട്ടിനും ഇടയില്‍ കവര്‍ച്ച നടത്തുന്ന കള്ളനാണ് കൊല്ലം പൊലീസിന്റെ പിടിയിലായത്.
കൊല്ലം തേവള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം വടവാതൂര്‍ സ്വദേശി മാത്തുക്കുട്ടി ജോസഫാണ് അറസ്റ്റിലായത്. പകല്‍സമയം കൊല്ലം നഗരത്തിലൂടെ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ കണ്ടു വയ്ക്കും. വൈകിട്ട് ആറിനും എട്ടിനും ഇടയക്ക് മാന്യമായ വേഷത്തിലെത്തി വീടുകളുടെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തും. ഈ സമയമായതിനാലും കണ്ടാല്‍ മാന്യനെപ്പോലെ തോന്നുന്നതും കവര്‍ച്ചയ്ക്ക് സഹായമായി. അടുത്തിടെ ഒരു റിട്ടയേഡ് എസ്പിയുടെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനിടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഇതോടെയാണ് കള്ളനെ ആന്റി തെഫ്റ്റ് സ്ക്വാഡ് തിരിച്ചറിഞ്ഞത്.
കവര്‍ച്ച കഴിഞ്ഞ് രാത്രി 9 മണിയോടെ വീട്ടിലെത്തും. പിന്നീട് കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന കുടുംബ സ്നേഹിയായ കള്ളനാണ് മാത്തുക്കുട്ടി. 2010ല്‍ കോട്ടയം മണക്കാട്ട് കവര്‍ച്ചക്കിടെ പിടിയിലായിരുന്നു. ആ കേസില്‍ ജയിലിലുമായി. ഇതോടെയാണ് താവളം കൊല്ലത്തേക്ക് മാറ്റിയത്. കവര്‍ച്ചയിലൂടെ കിട്ടുന്ന പണം ആഡംബരജീവിതത്തിനും ലോട്ടറി എടുക്കാനുമായി ചെലവിടുന്നതാണ് മാത്തുക്കുട്ടിയുടെ രീതി.