പമ്പയിൽ നിന്നും ബാഹുബലി 2ന്റെ ഉൾപ്പടെ 244 വ്യാജ സിഡികളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. മധുര സ്വദേശി ഇമാം അലിയാണ് പിടിയിലായത്. ഇയാളിൽ നിന്നും 11,000 രൂപയും പൊലീസ് കണ്ടെടുത്തു. അടുത്തിടെ റിലീസായ ബാഹുബലി 2 ന്റെ 127 തീയറ്റർ പതിപ്പുകളാണ് പൊലീസ് പിടികൂടിയത്. തമിഴ് സിനിമ ചൊട്ടശിവ കട്ടശിവയുടെ 50ഉം കടമ്പൻ സിനിമയുടെ 48ഉം പാണ്ടിയുടെ 24ഉം കുട്ട് റമ്മിന്റെ നാലും ഇംഗ്ലീഷ് സിനിമ ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ 14ഉം വ്യാജ സിഡികളാണ് പിടികൂടിയത്. പമ്പാ സി.ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സിഡി വിറ്റ് വരികയായിരുന്ന ഇമാം അലിയെ പരിശോധനയക്കിടെ പിടികൂടിയത്. പമ്പയിൽ എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് സി.ഡി വിൽക്കുകയായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisement