അനധികൃത ഖനന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഗംഗാറാം ബദരിയുടെ കസ്റ്റഡി ഒരുദിവസത്തേക്കുകൂടി നീട്ടി.
2007ല്‍ മുഖ്യമന്ത്രിയായിരിക്കെ സംരക്ഷിത വനഭൂമിയില്‍ നിയമം ലംഘിച്ചു ഖനനം നടത്താന്‍ അനുമതി നല്‍കിയെന്ന കേസിലാണ്എച്ച്.ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ ഹാജരായത്. കഴിഞ്ഞദിവസം കുമാരസ്വാമിക്ക് ലോകായുക്ത പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിന് ഏഴുദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുമാരസ്വാമി ചിത്രദുര്‍ഗ ഹൊലാല്ക്കെരെയിലുള്ള ജണ്ടയ്ക്കല്‍ മൈനിങ് കമ്പനിക്ക് ഖനന കരാര്‍ പുതുക്കിനല്‍കുന്നതിന് സ്വാധീനം ചെലുത്തിയെന്നാണ് സുപ്രീം കോടതിയില്‍ സന്നദ്ധപ്രവര്ത്തകന് ടി ജെ എബ്രഹാം നല്കിയ പരാതിയിലെ ആരോപണം. കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നത്. അന്ന് സംസ്ഥാന ഖനനവിഭാഗം ഡയറക്ടറായിരുന്ന ഗംഗാറാം ബദരിയയെ രണ്ടുദിവസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. കുമാരസ്വാമിക്ക് പുറമേ മുന്‍ മുഖ്യമന്ത്രി ധരംസിങ്ങിന്റെ പങ്കും എസ്.ഐ.ടി അന്വേഷിച്ചുവരുകയാണ്.