ചെന്നൈയിൽ 45 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. കേസിൽ ചെന്നൈ സ്വദേശി ദണ്ഡപാണി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും.
കോടമ്പാക്കം പാലത്തിനു സമീപത്തുള്ള തുണിക്കടയിൽ നിന്നാണ് 500, 1000 രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയത്. കടയുടമസ്ഥൻ ദണ്ഡപാണി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പണം ആരോ ഉപേക്ഷിച്ചു പോയതാണെന്ന ഇവരുടെ മൊഴിയും വിശ്വസിച്ചിട്ടില്ല. ഇത്രയധികം പണം സൂക്ഷിച്ചതിനു പിന്നിലെ ഉന്നതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. തിങ്കളാഴ്ചയാണ് പൊലീസിന് ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് തുടർച്ചയായി രണ്ടു ദിവസം കട നിരീക്ഷിച്ച ശേഷം രാവിലെ പരിശോധന നടത്തുകയായിരുന്നു.