കൊച്ചി വൈറ്റിലയില്‍ ഹോട്ടലുടമയെ നടുറോഡില്‍ കുത്തിക്കൊന്നു. ജനതാ ജംക്്ഷനിലുള്ള ഹോട്ടല്‍ ഉടമ, ആല്‍ബി എന്ന ജോണ്സണ് ആണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് വട വാങ്ങിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതി രതീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
വൈറ്റിലയില്‍ നിന്ന് എറണാകുളത്തേക്കുള്ള സഹോദരന് അയ്യപ്പന് റോഡില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഹോട്ടലില്‍ നിന്ന് വാങ്ങിയ വടയുടെ രുചിയെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മദ്യപിച്ചെത്തിയ പ്രതി, ഹോട്ടലിനു മുന്നിലുള്ള തിരക്കേറിയ റോഡില്‍ നാട്ടുകാരുടെ കണ്മുന്നില് വച്ച് ജോണ്‍സനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജിവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെട്ടു.
കഴുത്തിലെ ഞെരമ്പിന് മുറിവേറ്റ ജോണ്‍സനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാല്പത്തിയെട്ടുകാരനായ ജോണ്സണ് കുറച്ചുകാലമായി ജനത ജങ്ഷനില്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു. പ്രതി കമ്പനിപ്പടി പുളിയന്മല സ്വദേശിയായ രതീഷ് മുന്‍പും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വരാറുണ്ടെന്നാണ് വിവരം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നും ഇരുവരും തമ്മില്‍ മുന്‍വൈരാഗ്യമുള്ളതായി സൂചനയില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.