തിരുവനന്തപുരം വിഴിഞ്ഞത്ത് മോഷണ പരമ്പര. മൂന്ന് കടകളിൽ ഒാട് പൊളിച്ചിറങ്ങി മോഷണം നടത്തിയ സംഘം ജ്യോതിഷാലയത്തിലെ വലംപിരി ശംഖും പൂജാ വസ്തുക്കളും കവർന്നു. കഴിഞ്ഞ വർഷവും പ്രദേശത്ത് സമാനമായ രീതിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു.
വിഴിഞ്ഞത്തിന് സമീപം മുക്കോലയിലെ മൂന്ന് കടകളിലാണ് ഒാട് പൊളിച്ചിറങ്ങി മോഷണം നടന്നത്. ജെ എം വാച്ച് വർക്സിൽ നിന്ന് അൻപതിനായിരം രൂപയുടെ വാച്ചും എഫ് എം മൊബൈൽസിൽ നിന്ന് പതിനായിരം രൂപയുടെ മൊബൈൽ ഫോണും മോഷ്ടാക്കൾ കവർന്നു.ജ്യോതിഷാലയത്തിൽ നിന്ന് വലംപിരിശംഖും പൂജാ വസ്തുക്കളുമാണ് അപഹരിച്ചത്.ബുധനാഴ്ച രാത്രിയാണ് എല്ലായിടത്തും മോഷണം നടന്നത്.വിരലടയാള വിദഗ്ധർ സ്ഥലതെത്തി പരിശോധന നടത്തി. വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ വർഷവും മുക്കോലയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു. വിഴിഞ്ഞം പൊലീസ് അന്വേഷണം തുടങ്ങി.