മലപ്പുറം അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ വ്യാപാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. പ്രവാസി മിനി സൂപ്പർ മാർക്കറ്റ് ഉടമ കൊയപ്പത്തൊടി ഇസ്മായിലിനെയാണ് പുലർച്ചെ കടയിൽ നിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
രാത്രി മുഴുവൻ സമയത്തും പ്രവർത്തിക്കുന്ന പുത്തനങ്ങാടിയിലെ ഇസ്മായിലിന്റെ കടയുടെ മുന്നിൽ ഒരു കാറും രണ്ടു ബൈക്കുകളും പലവട്ടം കറങ്ങിപ്പോവുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പുലർച്ചെ 2.48ന് കടയുടെ മുൻപിൽ നിർത്തിയ സൈലോ കാറിലേക്ക് ഇസ്മായിലിനെ രണ്ടുപേർ ചേർന്ന് വലിച്ചിഴ്ച്ചുകൊണ്ടു പോകുന്നത് കണ്ടവരുണ്ട്. നാട്ടുകാർ ഒാടിക്കൂടുബോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇസ്മായിൽ ഉറക്കെ ഒച്ചവച്ചിരുന്നു. സമീപത്തെ കടയിലെ സി.സി.ടി.വിയിൽ വാഹനം വന്നു നിൽക്കുന്നതിന്റേയും പോവുന്നതിന്റേയും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അങ്ങാടിപ്പുറം ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ തട്ടിക്കൊണ്ടു പോയ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചൂവെന്നാണ് സൂചന.
വ്യാപാരവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.