തമിഴ്നാട്ടിലെ മധുരയില്‍ കൊലക്കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 41കാരനായ ശരവണനാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണം. സുഹൃത്തിനെ മദ്യപാനത്തിനിടെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളിന് ഇറങ്ങിയപ്പോഴായിരുന്നു കൊലപാതകം.
മധുര വാടിപ്പട്ടിയിലെ മാടക്കുളം മെയിന്‍ സ്ട്രീറ്റിലാണ് ശരവണനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. 2014 ലെ സുബ്രഹ്മണ്യപുരം കൊലപാതക കേസിലെ പ്രധാന പ്രതിയാണ് ശരവണന്.
മദ്യപാനത്തിനിടെ സുഹൃത്തായ കണ്ണനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ജയിലിലില്‍ പോയ ശരവണന് പരോളിലിറങ്ങി ഒരാഴ്ച്ച തികയുന്നതിന് മുന്‍പാണ് കൊലപാതകം. സംഭവത്തിന് പിന്നില്‍ കണ്ണന്റെ മക്കളും ബന്ധുക്കളുമാണെന്ന് വ്യക്തമായിട്ടുണ്ട്. വൈരാഗ്യം തീര്‍ക്കാന്‍ ശരവണന് ജയിലില്‍ നിന്ന് ഇറങ്ങാനായി ഇവര്‍ കാത്തിരിയ്ക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി.
Advertisement