കൊച്ചി പനങ്ങാട് വിതരണം ചെയ്ത പാചകവാതക സിലിണ്ടറിനുള്ളില്‍ വെള്ളം. മാടവന സ്വദേശി നിയാസിനാണ് വെള്ളമുള്ള ഗ്യാസ് സിലിണ്ടര്‍ ലഭിച്ചത്. ബോട്ലിങ് പ്ലാന്റില്‍ സംഭവിച്ച പിഴവാകാം സിലിണ്ടറില്‍ വെള്ളം കയറാന്‍ കാരണമെന്നാണ് നിഗമനം.
കൊച്ചി പനങ്ങാട് മാടവന സ്വദേശികളായ നിയാസ് സാജിദ ദമ്പതികളാണ് ഗ്യാസ് സിലിണ്ടറില്‍ വെള്ളമുണ്ടെന്നറിഞ്ഞ് ഞെട്ടിയത്. സാധാരണ ഗതിയില്‍ ഒരു സിലിണ്ടര്‍ മൂന്നുമാസം വരെ ഇവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞമാസം ലഭിച്ച സിലിണ്ടര്‍ ഒരുമാസമായപ്പോഴേക്കും തീര്‍ന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടറിനകത്ത് ബാക്കി പച്ചവെള്ളമാണെന്ന് വ്യക്തമായത്.
പിഴവ് സമ്മതിച്ച ഏജന്‍സി, പകരം ഗ്യാസ് സിലിണ്ടര്‍ നല്‍കിയാണ് തടിയൂരിയത്. ബോട്ലിങ് സമയത്തെ ശ്രദ്ധക്കുറവോ സാങ്കേതിക പ്രശ്നമോ ആയിരിക്കാം കാരണമെന്നാണ് നിഗമനം.
കാരണം എന്തു തന്നെയായാലും ഗ്യാസ് സിലിണ്ടറില്‍ വെള്ളം വരാന്‍ ഇടയായത്, ഗുരുതരമായ സുരക്ഷാപിഴവായാണ് വിലയിരുത്തപ്പെടുന്നത്.
Advertisement