കോതമംഗലത്ത് ആദിവാസി മേഖലകളില്‍ വന്‍ ചിട്ടി തട്ടിപ്പ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘം ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയെന്നാണ് സൂചന. പണം നഷ്ടപ്പെട്ട ആദിവാസികളുടെ പരാതിയില്‍ കുട്ടമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളായ കുഞ്ചിപ്പാറ, തലവച്ചപാറ, കുടിയേറ്റ മേഖലയായ കല്ലേലിമേട് എന്നിവിടങ്ങളിലുള്ളവരാണ് ചിട്ടിതട്ടിപ്പിന് ഇരയായത്. തൃശൂര്‍ പുന്നേക്കാട് സ്വദേശികളായ രണ്ടു സ്ത്രീകളാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ചിട്ടിയില്‍ ചേര്‍ത്തത്. മാസംതോറും അഞ്ഞൂറു രൂപ മുതല്‍ 2000 രൂപ വരെയാണ് ഇവര്‍ പിരിച്ചെടുത്തിരുന്നത്. അയല്‍ക്കാരായ പതിനെട്ടുപേരില്‍ നിന്നു മാത്രം പത്തുലക്ഷത്തിലധികം രൂപയാണ് സംഘം പിടിച്ചെടുത്തത്. ചിട്ടി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചുതരുന്നില്ലെന്നും പണം ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തകയാണെന്നും ഇവര്‍ പരാതി പറയുന്നു.
സമാന രീതിയില്‍ നൂറുകണക്കിനുപേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പരാതികള്‍ സത്യമെങ്കില്‍ കോടികളുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പണമടയ്ക്കുന്നവര്‍ക്ക് എസ്.ജി.എസ്. ആഗ്രോ ഫാര്‍മേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള രസീതാണ് നല്‍കുന്നത്. സ്ഥാപനത്തിന്റെ കോര്‍പറേറ്റ് ഓഫിസ് ചെന്നൈയില്‍ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.